വിസർജ്ജനനിയന്ത്രണം ഇല്ലാത്തതിന് വാതിക
അതിസാര ചികിത്സ – ഒരു അനുഭവം
ഡോ.ആനന്ദ് പി.കെ.വി.
5000 ത്തിൽ ഒരാള്‍ക്കെന്ന കണക്കിൽ ആണ് ഗുദദ്വാരം ഇല്ലാതെ കുട്ടി
ജനിക്കുന്നത്. ഈ അവസ്ഥക്ക് ശസ്ത്രക്രിയയിലൂടെ
ശാശ്വതപരിഹാരവുമുണ്ട്. വളരെയൊന്നും സങ്കീർണമല്ലാത്ത ഗുദവൈകല്യങ്ങളിൽ മലമൂത്രവിസർജന
ത്തിന്‍റെ നിയന്ത്രണം മിക്കവാറും എല്ലാവരിലും നേടാറുമുണ്ട്. ജനിച്ച്
ആദ്യദിവസങ്ങളിൽത്തന്നെയാണ് ആദ്യശസ്ത്രക്രിയ പതിവ്. അതിനുശേഷം ആറുമാസത്തിനകം വീണ്ടും ഒരു
ശസ്ത്രക്രിയയിലൂടെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. സങ്കീർണത കൂടിയവയിൽ 3
മാസത്തിനകവും വൈകല്യം കുറഞ്ഞവയിൽ 12 മാസത്തിനകവും നടത്തുന്ന ശസ്ത്രക്രിയകള്‍
മലവിസർജനനിയന്ത്രണം കൈവരിക്കുന്നതിനെ കൂടുതൽ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ഈ ശസ്ത്രക്രിയകളുടെ
ഉദർക്കമായിട്ട് പകുതിയോളം പേർക്കും ഗുദഭ്രംശം ഉണ്ടാകാറുണ്ട്. വിസർജനനിയന്ത്രണം
കൈവരിക്കാനിടയില്ലാത്തവർക്കാണ് ഇതിന് സാധ്യത കൂടുന്നത്. ഈ അവസ്ഥകൊണ്ട് രക്തസ്രാവം,
വേദന, പിഛാസ്രാവം, വ്രണപ്പെടൽ, ദൈനംദിനജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിവ
പതിവാണ്. ഇതിനു പുറമെ, ഗുദപ്രദേശത്തിന്‍റെ ആകൃതിയും മോശമായിത്തീരാറുണ്ട്.
ഭാരതത്തിൽ, കുട്ടികളുടെ ശസ്ത്രക്രിയകളിൽ നല്ലൊരു പങ്ക് ഈ ശസ്ത്രക്രിയ ആണ്. സാക്രൽ
വൈകല്യ ങ്ങള്‍, ആൺകുട്ടികള്‍,
ഗുദവൈകല്യങ്ങളുടെ ഇനം, സങ്കീർണത, ചെയ്ത ശസ്ത്രക്രിയാരീതി എന്നിവ അനുസരിച്ച്
ഗുദഭ്രംശസാധ്യത വർധിച്ചുവരുന്നു.
ഗുദഭ്രംശം എന്നത്
ഗുദഭിത്തികള്‍ മുഴുവനോടെ ഗുദദ്വാരത്തിലൂടെ അഴഞ്ഞ് ഇറങ്ങിവരുന്ന അവസ്ഥയാണ്.
ഗുദഭിത്തി മുഴുവനായിട്ടല്ലാതെ ഭിത്തിയിലെ ശ്ലേഷ്മസ്തരം മാത്രമായി അഴഞ്ഞ് തൂങ്ങി
ഇറങ്ങുന്നത് സ്തരഭ്രംശം എന്ന് പറയാം. ഇതുവഴി അഴുക്ക് പറ്റുക, ചിലപ്പോഴൊക്കെ
രക്തസ്രാവം, വേദന എന്നിവ ഉണ്ടാകും. പുറത്തുവന്നശേഷം പൂർവസ്ഥിതി കൈവരിക്കാത്ത അർശസ്
പോലെ കാണപ്പെടും ഇത്. ശസ്ത്രക്രിയക്കുശേഷം പൊതുവെ വിരേചനൌഷധങ്ങള്‍ ഒന്നൊന്നര
മാസത്തോളം ആവശ്യമായി വരാറുണ്ട്. അതിനുശേഷം ക്രമേണ ആറാഴ്ചക്കകം വിസർജനനിയന്ത്രണം
കൈവരിക്കാറുമുണ്ട്. എന്നാൽ ജീവിതകാലം മുതൽ നിയന്ത്രണം കൈവരിക്കാത്തവരും ധാരാളമുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു.
ആരോഗ്യമുള്ള കുട്ടികള്‍ രണ്ടോ രണ്ടരയോ വയസ്സെത്തുമ്പോഴേക്കും
മലമൂത്രവിസർജനത്തിന്‍റെ നിയന്ത്രണം നേടാറുണ്ട്. ഗുദവൈകല്യങ്ങളുടെ
ശസ്ത്രക്രിയക്കുശേഷം ഉണ്ടാകുന്ന ലക്ഷണങ്ങൾ ഒന്നിലധികം രോഗനിർണയങ്ങളിൽ പരിഗണിക്കപ്പെടാവുന്നതാണ്.
അത് അർശസ്, അതിസാരം, ഗ്രഹണി എന്നിങ്ങനെ പ്രധാനമായും 3 രോഗങ്ങളിലായി വ്യാപിക്കുന്ന
ചിന്തയാണ്. ഇവ മൂന്നും പരസ്പരഹേതുക്കളായി മാറാവുന്നതാണെന്ന് സംഹിതകള്‍
പറയുന്നുണ്ട്. രോഗനിർണയമാകട്ടെ, ഉപശയത്തെക്കൂടി കണക്കിലെടുക്കേണ്ടതിനാൽ ഒടുവിൽ
മാത്രമേ സാധിക്കുള്ളൂ. അതുകൊണ്ടുതന്നെ രോഗനിർണയമെന്നത്, രോഗലക്ഷണങ്ങളുടെയും
ചികിത്സയോടുള്ള പ്രതികരണങ്ങളുടേയും പുനരന്വേഷണവും അടിസ്ഥാനതത്വങ്ങളിലൂന്നിയുള്ള
അവയുടെ ചർച്ചയും വഴി മാത്രമേ തീരുമാനിക്കപ്പെടുന്നുള്ളൂ. ഇവിടെ അവതരിപ്പിക്കുന്ന
കേസ്, ആയുർവേദത്തിന്‍റെ രോഗനിർണയോപാധികള്‍കൊണ്ട് കർശനമായി വിശകലനം ചെയ്തതാണ്.
ഗുദവൈകല്യത്തിന്‍റെ ശസ്ത്രക്രിയക്ക് ശേഷം ഉണ്ടായ വിസർജനനിയന്ത്രണമില്ലായ്മയും
അനുബന്ധമായ ഗുദഭ്രംശവും ചികിത്സിക്കാനായി വാതാതിസാരചികിത്സാതത്വങ്ങള്‍
പ്രയോഗിച്ചതിന്‍റെ അനുകൂലവും ചിരസ്ഥായിയും ആയ ഫലം ആണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്.
രോഗിയുടെ വിവരണം
ഏഴരവയസ്സുള്ള ആൺകുട്ടി 2023 ജൂലൈയിൽ ചികിത്സക്കായി വൈദ്യരത്നം
ആയുർവേദകോളേജ് ആശുപത്രിയിൽ വന്നു. അറിയാതെ, ഇടയ്ക്കിടയ്ക്ക് മലം പോകുന്നതിനാൽ
എപ്പോഴും അഴുക്കാകുന്നു എന്നതാണ് ആവലാതി. 2-3 വയസ്സിൽ കൈവരിക്കേണ്ട
വിസർജ്ജനനിയന്ത്രണം ഇതുവരെ ഉണ്ടായില്ല. ഗുദവൈകല്യത്തിന്‍റെ ശസ്ത്രക്രിയ
കഴിഞ്ഞവർക്ക് ഇത് ഏഴ് വയസ്സിനോടടുപ്പിച്ചാണ് കൈവരാറ്. രാത്രിയും പകലും ഡയപ്പർ
ധരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നിരന്തരമുള്ള അഴുക്കും നനവും കൊണ്ട് ആ
പ്രദേശത്ത് നീർക്കെട്ടും വ്രണവും വേദനയും എപ്പോഴും ഉണ്ട്. സന്തോഷവാനും
മിടുക്കനുമാണ് കുട്ടി. എങ്കിലും ഇതുകൊണ്ടുള്ള ശാരീരിക-മാനസിക പ്രശ്നങ്ങള്‍
സ്വഭാവരൂപീകരണത്തെ മോശമായി ബാധിക്കുമോ എന്ന ആധിയാണ് അമ്മക്ക് ഉള്ളത്.
മധ്യവർഗ സസ്യാഹാരി കുടുംബത്തിലെ മാതാപിതാക്കളുടെ ഒറ്റ കുട്ടിയാണ് രോഗി.
2016 ജൂലൈ 22ന് സാധാരണ പ്രസവത്തിലാണ് കുട്ടി ജനിച്ചത്. ഗുദദ്വാരം ജന്മനാ ഇല്ലാതിരുന്നതിനാൽ
അടുത്തദിവസം തന്നെ ആദ്യ ശസ്ത്രക്രിയ നടത്തി. ഹൈ സിഗ്മോയ്ഡ് ഡിവൈഡഡ് കോളോസ്റ്റോമി
ആണ് നടത്തിയതെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. അടുത്ത ദിവസം നടത്തിയ
രക്തപരിശോധനയിൽ രക്തത്തിലെ ബിലിറൂബിൻ, തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ എന്നിവ
കൂടുതലുണ്ടായിരുന്നു. വെളിച്ചം തട്ടിച്ച് കിടത്തിയ ശേഷം കുട്ടി ഉഷാറാകുകയും
നന്നായി മുല കുടിക്കുകയും തൂക്കം കൂടുകയും ചെയ്തപ്പോള്‍ 2016 ജൂലൈ 29 ന് വിടുതൽ
ചെയ്യുകയും ഉണ്ടായി.
പിന്നീട് രണ്ടര മാസം പ്രായമായപ്പോള്‍ മറ്റൊരു ആശുപത്രിയിൽ ഡിസ്റ്റൽ
കോളോസ്റ്റോഗ്രാം വഴി റെക്ടോപ്രോസ്റ്റാറ്റിക് ഫിസ്റ്റുല ഉണ്ടെന്നും കോളോസ്റ്റോമി
ചെയ്തത് പ്രവർത്തനക്ഷമമാണെന്നും ഡിസ്റ്റൽ സ്റ്റോമ ചുരുണ്ടിരിക്കുന്നതായും
ചുറ്റുമുള്ള തൊലി ആരോഗ്യമുള്ളതായും കണ്ടെത്തി. കീഴെയുള്ള സാക്രൽ കശേരുക്കളുടെ
അഭാവവും മലദ്വാരഭാഗത്തെ കുഴി, ഇടുപ്പിന്‍റെ
വിടവ്, സാക്രോ-കോക്സീജിയലും ബള്‍ബോകാവേർണസും റിഫ്ളക്സുകള്‍ എന്നിവ ഉള്ളതായും
രേഖയിലുണ്ട്. മലദ്വാരവികൃതിയും റെക്ടോ-പ്രോസ്റ്റാറ്റിക് യൂറിത്രൽ ഫിസ്റ്റുല എന്ന്
രോഗനിർണയം നടത്തി, 20-11-2016ന് ലാപ്രോസ്കോപ്പിക് ആനൽ പുള്‍ ത്രൂ എന്ന
ശസ്ത്രക്രിയയും ചെയ്യുകയുണ്ടായി. നല്ല പേശീസംഘാതം, വേണ്ടത്ര നീളത്തോടെയുള്ള
മലാശയം, വയറിൽനിന്ന് ഇറങ്ങാത്ത ഇടത്തേ
വൃഷണം എന്നിവയും അപ്പോള്‍ ശ്രദ്ധയിൽപെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച്ചക്ക് ശേഷം
വിടുതൽസമയത്ത് ഭാവിയിൽ രണ്ട് ശസ്ത്രക്രിയ കൂടി വേണ്ടതായി അറിയിച്ചിരുന്നു.
ആറ് മാസം പ്രായമെത്തിയപ്പോള്‍ കോളോസ്റ്റോമി അടക്കാനുള്ള ശസ്ത്രക്രിയ 2017
ഫെബ്രുവരി 1ന് ചെയ്തു. തുടർപരിശോധനകളിൽ കോളോസ്റ്റോമി പ്രവർത്തനക്ഷമമാണെന്നും പുതിയ
മലദ്വാരം ആരോഗ്യമുള്ളതാണെന്നും കണ്ടു. ശ്ലേഷ്മസ്തരഭ്രംശവും മലദ്വാരത്തിന് അഴവും
ഉണ്ടെന്നും 12-ആം നമ്പർ ഹെഗാർസ് ഡൈലേറ്റർ കടത്താനാകുന്നതായും റിപ്പോർട്ട് ചെയ്തു.
ശരീരത്തിലെ മറ്റ് വ്യൂഹങ്ങളെല്ലാം സാധാരണമട്ടിലാണെന്നും കുട്ടി ഉഷാറോടെ
കളിക്കുന്നതായും 10 കിലോ തൂക്കമുള്ളതായും കണ്ടു. വിടുതൽ സമയത്ത് പുതിയ മലദ്വാരം
ആരോഗ്യമുള്ളതായും ശ്ലേഷ്മസ്തരഭ്രംശം നിലനിൽക്കുന്നതായും അത് ശരിപ്പെടുത്താനും
മലദ്വാരത്തിന് മുറുക്കമുണ്ടാകാനുമുള്ള ശസ്ത്രക്രിയകൂടി ആവശ്യമാണെന്ന് പറഞ്ഞു. ഒരു
വയസ്സെത്തിയപ്പോള്‍ ഗുദത്തിലെ ശ്ലേഷ്മസ്തരഭ്രംശത്തിന്‍റെ കട്ടി കുറക്കുന്ന ശസ്ത്രക്രിയ
30-8-2017 ന് ചെയ്തു. അതിനുശേഷം രാത്രികളിൽ മലപ്രവൃത്തി ഉണ്ടാകാറില്ലെങ്കിലും
വൈദ്യനിർദ്ദേശമനുസരിച്ച് മലദ്വാരം ഡൈലേറ്റർകൊണ്ട് പതിവായി
അഴവുള്ളതാക്കിത്തീർത്തുകൊണ്ടിരുന്നതിനാൽ ശ്ലേഷ്മസ്തരഭ്രംശം വർദ്ധിച്ചുവന്നു.
കുട്ടി സ്കൂളിൽ പോകാൻ തുടങ്ങുകയും പതിവായി വീട്ടിൽനിന്ന് പുറത്തിറങ്ങുകയും
ചെയ്ത് തുടങ്ങിയതോടെ, ശസ്ത്രക്രിയക്കുശേഷം 2-3 വർഷത്തിനകം സാവധാനം സുഖപ്പെടുമെന്ന്
ഡോക്ടർമാർ ആശ്വസിപ്പിച്ചിരുന്ന മലശോധനയിലെ നിയന്ത്രണമില്ലായ്ക ക്രമേണ
ബുദ്ധിമുട്ടായിത്തീർന്നു. ദിവസം മുഴുവൻ ഡയപ്പർ ഉപയോഗിക്കേണ്ടിവരുന്നതിനാൽ പുതിയ
മലദ്വാരത്തിന് ചുറ്റും തരിതരിയായി ചൂടുകുരു വന്നുകൊണ്ടിരുന്നു. എപ്പോഴും അഴുക്ക്
തട്ടി നനഞ്ഞിരിക്കുന്നതിനാൽ അവ ഉണങ്ങാതെ ചുകന്ന് വാർപ്പുകളായിത്തീർന്നു. ഇതിന്‍റെ
നാണക്കേടുകൊണ്ട് കുട്ടി വലിയ മനപ്രയാസം പ്രകടിപ്പിച്ചിരുന്നു.
രോഗ-രോഗീപരീക്ഷ
കാഴ്ചയിൽ ഇവന്‍ എപ്പോഴും ഉഷാറോടെ കളിക്കുന്ന, പെട്ടെന്ന് ഇണങ്ങുന്ന, അൽപം
തടിച്ച ശരീരമുള്ള ഒരു മിടുക്കൻ കുട്ടിയാണ്. നന്നായി ഭക്ഷണം കഴിക്കുകയും ധാരാളം
വെള്ളം കുടിക്കുകയും എപ്പോഴും ഓട്ടവും ചാട്ടവും തന്നെയുള്ള കുട്ടി. പേര്
കണ്ടെത്തുന്നതിനേക്കാള്‍, ചികിത്സ നിശ്ചയിക്കാനാകുന്ന രീതിയിൽ, വ്യക്തിഗതമായി
രോഗപരീക്ഷ ആഴത്തിൽ ചെയ്യുന്നതാണ് ആയുർവേദത്തിലെ രോഗനിർണയം. പേരും അവസ്ഥയും
സ്രോതസ്സും സാധ്യാസാധ്യതയും മറ്റുംകൊണ്ട് മാത്രമല്ല, ഉപശയംകൂടി ചേർത്താണ്
രോഗപരീക്ഷ മുഴുവനാകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ചികിത്സയും രോഗനിർണയത്തിന്‍റെ
ഭാഗമാകാറുണ്ട്.
ജന്മനാ ഉണ്ടായ സ്രോതോവിബന്ധം എന്ന വൈകല്യത്തിന് ശസ്ത്രക്രിയ വഴി അനുലോമനം
നടന്നു. പക്ഷേ സംഗം മാറി അതിപ്രവൃത്തി ഉണ്ടായതല്ലാതെ ഇവിടെ വാതശമനം നടന്നിട്ടില്ല.
ഈ വാതകോപത്തിന് പെട്ടെന്ന് കാണാവുന്ന ഹേതുവാകട്ടെ, പല തവണ ചെയ്ത ശസ്ത്രക്രിയയുടെ
അഭിഘാതംകൊണ്ടുള്ള വാതകോപവും ഉത്സാഹവും ഓട്ടം-ചാട്ടം ഒക്കെ കൂടുതലെന്നതും കൊണ്ടുള്ള
വാതവൃദ്ധിയും ആണ്. കൂടാതെ കൂടുതൽ വിയർക്കുന്നതുകൊണ്ടുള്ള വലിയ ദാഹംകൊണ്ട് ധാരാളം
വെള്ളം കുടിക്കുന്ന ശീലം ഉണ്ട്. ഇതാകട്ടെ അതിസാരങ്ങളുടെ സാമാന്യനിദാനമാണ്. നമുക്ക്
ചികിത്സിക്കേണ്ട നിമിത്തകാരണമായിട്ടുള്ളത് ഇവിടെ വാതദോഷമാണെന്നത് വ്യക്തമാണ്.
റിഫ്ലക്സുകളുടെ സാന്നിദ്ധ്യവും സാർവദൈഹികമായ നാഡീവ്യൂഹസംബന്ധിയായോ ഉള്ള
സാദ്ധ്യതകളെ പരിഗണനയിൽനിന്ന് ഒഴിവാക്കുന്നു.
കൂടുതൽ വിശദമായി ചോദിച്ചപ്പോള്‍ ഭക്ഷണം കഴിഞ്ഞ ഉടനെ ഡയപ്പറിൽ
അഴുക്കാകുന്നത് പതിവില്ല എന്നറിഞ്ഞു. അതുകൊണ്ടുതന്നെ ഗ്യാസ്റ്റ്രോകോളിക്
റിഫ്ലക്സിന്‍റെ പരിധി കുറഞ്ഞതാണോ എന്ന സംശയം ഒഴിവായി. ദേഹം ഇളകുന്ന, ഓടുക
പോലെയുള്ളവ കുറച്ചുസമയം ചെയ്താലാണ് എപ്പോഴും തുണിയിൽ മലം പറ്റുന്നത്. മാത്രമല്ല,
രാത്രി അഴുക്ക് പറ്റാറുമില്ല. അതുകൊണ്ടുതന്നെ ശരീരത്തിന് വിശ്രമം എന്നത് ഇവിടെ
ഉപശയം ആണെന്ന് കരുതാവുന്നതാണ്. രാത്രിയിൽ അധികം ദേഹം അനങ്ങാത്തതിനാൽ അതുകൊണ്ടുള്ള
വാതവർധനവ് ഇല്ലാതിരിക്കുകയും വിസർജനത്തിന് നിയന്ത്രണം ഉണ്ടാകുകയും ചെയ്യുന്നു. മലത്തിൽ
ഇടയ്ക്കൊക്കെ കഫം ഉണ്ടാകാറുണ്ട്. അതാകട്ടെ വാതികാതിസാരത്തിലും പ്രവാഹികയിലും
കാണുന്ന ലക്ഷണമാണ്. മലം മുക്കിപ്പുറപ്പെടുവിക്കുകയും വഴുവഴുപ്പും പതയും ഉള്ള മലം
പുറപ്പെടുകയും ചെയ്യുന്നതാണ് പ്രവാഹിക. ആ
ലക്ഷണങ്ങള്‍ ഇല്ല എന്നതിനാൽ ഇത് പ്രവാഹികയല്ല. വിസർജനനിയന്ത്രണം ഇല്ല എന്ന
കാരണത്താലാണെങ്കിലും ധാരാളം തവണ വയറിൽനിന്ന് പോകുന്നതിനാൽ അതിസാരത്തിന്‍റെ
നിർവചനത്തിൽ ആണ് ഇത് ഉൾപ്പെടുത്താവുന്നത്. ശസ്ത്രക്രിയകൊണ്ടുള്ള പരിക്കുകള്‍
അഭിഘാതമായി പരിഗണിക്കുമ്പോള്‍ വാതകോപത്തിന്‍റെ കാരണം വ്യക്തമാണ്. അത് കൂടാതെ
അൽപാൽപമായി പോകുക, പതയുണ്ടാകുക, വെള്ളംദാഹത്തിൽനിന്നും അനുമാനിക്കാവുന്ന വായവരള്‍ച്ച,
ഗുദഭ്രംശം എന്നിങ്ങനെ വാതിക അതിസാരത്തിന്‍റെ ലക്ഷണങ്ങള്‍കൂടി ഇതിൽ വ്യക്തമാണ്.
പ്രത്യക്ഷമായ ലക്ഷണങ്ങളും നിർണയിച്ച രോഗവും അനുസരിച്ച് വാതാതിസാരത്തിന്‍റെയും
ഗുദഭ്രംശത്തിന്‍റെയും ചികിത്സാതത്വങ്ങൾ കുട്ടികള്‍ക്കനുയോജ്യമായ ഉപായങ്ങളാക്കി
പ്രയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കി. പ്രയോഗിച്ച മരുന്നുകൾ താഴെ പറയുന്നവയാണ്.
1. പാഠാകരഞ്ജാദി കഷായം 60 മില്ലി രണ്ടുനേരം
വെറും വയറ്റിൽ സേവിക്കുക
2. ഡാഡിമാഷ്ടകചൂർണം 1 ടീസ്പൂൺ രണ്ടുനേരം
ആഹാരത്തിന് മുമ്പ് തേനിൽ ചാലിച്ച് സേവിക്കുക
3. ഉന്ദുരു തൈലം ചെറുവിരൽ വലിപ്പമുള്ള തിരിയിൽ
മുക്കി മലദ്വാരത്തിലേക്ക് ദിവസേന രാവിലെ കടത്തി വയ്ക്കുക. അത് ഉറച്ചിരിക്കാൻ
ശീലവച്ച ശേഷം കോണകം ഉടുപ്പിക്കുക
4. വട്ടപ്പെരുകിന്നില ഇട്ട് വെന്ത
ഇളംചൂടുവെള്ളത്തിൽ ദിവസേന വൈകീട്ട് 20 മിനിട്ട് ഇറക്കിയിരുത്തി വിയർപ്പിക്കുക
5. അവഗാഹത്തിന് ശേഷം വട്ടപ്പെരുകിന്നില
കണലിലിട്ട് പുകയുണ്ടാക്കി ഗുദഭാഗത്ത് കൊള്ളിക്കുക
6. മാതളത്തൊണ്ടും മാങ്ങായണ്ടിയും ഇട്ട് കാച്ചിയ
മോര് സ്വാദോടെ ഉണ്ടാക്കി ധാരാളമായി സേവിപ്പിക്കുക.
7. മലരും മലർക്കഞ്ഞിയും സേവിപ്പിക്കുക.
8. ചെറിയ ഉള്ളി നെയ്യിൽ മൂപ്പിച്ച് കൂട്ടി
ഉണ്ണുക.
9. തിരുപ്പറക്കൽ (തെരുപ്പറക്കൽ) എന്ന വ്യായാമം (കളി) ദിവസേന ചെയ്യുക https://fb.watch/mY8VLFYZs_/?mibextid=Nif5oz
മരുന്നിനും വൈദ്യനും രോഗിക്കും കൂടാതെ രോഗിയുടെ പരിചാരകനും
ചികിത്സാവിജയത്തിൽ വലിയ പങ്കുണ്ടെന്ന് ആയുർവേദം പറയുന്നു. അതുകൊണ്ടുതന്നെ
മരുന്നിനെയും പരിചരണത്തെപ്പറ്റിയും രോഗിയുടെ അമ്മക്ക് വിശദമായി പറഞ്ഞുകൊടുത്തു. മോര്
കാച്ചിയത്, മലര്, ചെറിയ ഉള്ളി എന്നിവ സ്വാദോടെ പാകംചെയ്ത് കുട്ടിക്ക് ധാരാളമായി
നൽകാൻ അമ്മയോട് പറഞ്ഞു. ഇടക്കിടക്കും കൂടിയ അളവിലും എന്തെങ്കിലും കുടിക്കുന്നത്
ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു. പാലോ വെള്ളമോ ജ്യൂസോ മറ്റോ കുട്ടി കുടിക്കുമ്പോള്‍
അൽപാൽപമായും ഒരുപാട് നേരമെടുത്തും മാത്രമേ കുടിക്കാവൂ എന്നും പറഞ്ഞു. ചികിത്സയോട്
വെറുപ്പ് വരാതിരിക്കാനായി കുട്ടിയെ കളിക്കാനെന്നപോലെ വേണം പരിചരിക്കാനെന്നും
ചികിത്സാപ്രയോഗം കൃത്യമാക്കാനായി കുട്ടിയെ ഒരുപാട് നിയന്ത്രിക്കുകയോ
നിർബന്ധിക്കുകയോ വേണ്ടതില്ല എന്നും പറഞ്ഞു.
ചികിത്സാപുരോഗതി
അമ്മ എല്ലാ മാസവും രോഗവിവരം അറിയിക്കാറുണ്ടായിരുന്നു. കുട്ടിക്ക്
ബുദ്ധിമുട്ടൊന്നുമില്ലാതെ മരുന്ന് കുറിപ്പടിയനുസരിച്ചുതന്നെ പോകുന്നുണ്ട് എന്ന്
പറഞ്ഞു. എങ്കിലും മാങ്ങയണ്ടിപ്പരിപ്പും മാതളത്തൊണ്ടും ചേർത്ത് കാച്ചിയ മോര്,
സ്വാദ് ഇഷ്ടപ്പെടാത്തതിനാൽ അവൻ പലപ്പോഴും കുടിക്കാറില്ലെന്നും പറഞ്ഞു. ചവർപ്പ്
കുറക്കാനായി അവ രണ്ടിന്‍റെയും അളവ് തീരെ കുറച്ചുകൊണ്ട് മോര് കാച്ചാൻ
നിർദ്ദേശിച്ചപ്പോള്‍ അത് കുടിക്കാൻ ഉള്ള ബുദ്ധിമുട്ട് തീർന്നു. തുടക്കത്തിൽ
ചികിത്സയോട് കാണിച്ച അകൽച്ച മാറി. ഇപ്പോള്‍ മരുന്നുകള്‍ ശീലമായി മാറി എന്ന്
പറഞ്ഞു. അടിവസ്ത്രത്തിലും മറ്റും അഴുക്കാകുന്നത് കുറച്ച് കുറഞ്ഞതിനാൽ
മലദ്വാരത്തിന് ചുറ്റും നനവില്ലാതെ സൂക്ഷിക്കാൻ കൂടുതൽ സമയം സാധിക്കുന്നുണ്ട്.
അവിടെ ചുകപ്പും പഴുപ്പും ഉള്ളതിനാൽ കൌപീനത്തിന്‍റെ ശീല തട്ടി ഉരസുമ്പോള്‍
വേദനയുണ്ട്. അവിടെ മരുന്നിൽ മുക്കിയ തിരി വച്ചിരുന്നതിനാൽ അനങ്ങാതെ ഇരിക്കുകയും
വേണം. കൌപീനം (ഗോഷ്ഫണാബന്ധം) ഉപയോഗിക്കുന്നത് മലദ്വാരം ഇറങ്ങാതിരിക്കാനുള്ള താങ്ങ്
ആണെങ്കിലും അതിന്‍റെ ഉരസൽ കൊണ്ട് മുറിവുണങ്ങാൻ വൈകിയേക്കാം എന്നതിനാൽ അത്
ഒഴിവാക്കാൻ നിർദ്ദേശിച്ചു. പകരമായി, അകത്ത് വച്ച തിരി ഉറപ്പിക്കാനായി ഉന്ദുരുതൈലം
വീഴ്ത്തിയ ഡ്രസ്സിങ്പാഡ് വച്ച ശേഷം അതിന് പുറമെ ഡയപ്പറും മറ്റും ഉപയോഗിക്കാനായി
പറഞ്ഞുകൊടുത്തു. കളികളിൽ വലിയ ഉത്സാഹം ഉള്ള കുട്ടിയാണെങ്കിലും കളിച്ചുകൊണ്ടുള്ള
വ്യായാമമായ തെരുപ്പറക്കൽ അവന് ഇഷ്ടപ്പെടാതെ ഫുട്ബാള്‍ തന്നെ
താൽപര്യപ്പെട്ടുകൊണ്ടിരുന്നു. രണ്ടാം മാസത്തിന് ശേഷം വന്നപ്പോള്‍ എല്ലാ
നിർദ്ദേശങ്ങളും മുഴുവനായി നടപ്പാക്കുന്നുണ്ടെന്ന് അമ്മ അറിയിച്ചു. അഴുക്കാകുന്നതിന്‍റെ
അളവും തവണകളും നന്നായി കുറഞ്ഞു. ദിവസം മുഴുവനുംതന്നെ ഗുദപ്രദേശം നനവില്ലാതെ
സൂക്ഷിക്കാനാകുന്നുണ്ട്. മലദ്വാരത്തിന് ചുറ്റുമുള്ള ചുകപ്പും വ്രണവും നന്നായി
കുറഞ്ഞു. എങ്കിലും, ചെറിയ ശാരീരികാധ്വാനംകൊണ്ടുതന്നെ വല്ലാതെ വിയർക്കുന്നതിനാൽ
നല്ല വെള്ളംദാഹമുണ്ടാകുകയും വെള്ളത്തിന്‍റെ അളവ് കുറക്കുക എന്ന നിർദ്ദേശം വേണ്ടത്ര
നടപ്പിലാകാതെയും വന്നു. അതുകൊണ്ട് വിയർപ്പും ചൂടും കുറയ്ക്കുവാനും വെള്ളംദാഹം
മാറുവാനുമായി മലരും മലർക്കഞ്ഞിയും ഉപയോഗിക്കാൻ നിർദ്ദേശിച്ചു. തെരുപ്പറക്കൽ എന്ന
വ്യായാമകളിയിൽ താൽപര്യം ഉണ്ടാക്കുവാനായി സമീപത്തുള്ള കുറച്ച് കുട്ടികളെ
കൂടെക്കൂട്ടി എല്ലാവർക്കും ദിവസേന ഉല്ലാസം പകരുന്ന കളിയാക്കി മാറ്റി.
മൂന്നാം മാസത്തിന്‍റെ ഒടുക്കം വന്നപ്പോള് അഴുക്കാകൽ പൂർണമായുംതന്നെ
മാറിയെന്ന് അമ്മ അറിയിച്ചു. കൂടുതൽ കളിയും ക്ഷീണവും ഉള്ളപ്പോള്‍, പ്രത്യേകിച്ച്
അവധിദിവസങ്ങളിലെ നീണ്ട ഫുട്ബോള്‍ കഴിഞ്ഞാൽ വീണ്ടും അഴുക്കാകാറുണ്ട്. എങ്കിലും
മലദ്വാരത്തിനുചുറ്റുമുള്ള ചെറിയ നിറവ്യത്യാസമൊഴിച്ച് മുഴുവനായും വ്രണം ഉണങ്ങി.
ഫുട്ബാള്‍ കളിക്കുമുമ്പ് ദിവസേന വാം അപ്പിനായി തെരുപ്പറക്കൽ എന്ന കളി ഇപ്പോള്‍
പതിവാക്കിയിട്ടുണ്ട്. വെള്ളം കുടിക്കാനുള്ള തിരക്ക് കുറയുകയും പല തവണകളായി
കുറേശ്ശെ മാത്രം കുടിക്കാൻ ശീലിക്കുകയും ചെയ്തു. മുമ്പത്തേക്കാള്‍ വിയർപ്പ്
കുറഞ്ഞതായും അമ്മ പറഞ്ഞു. അവഗാഹസ്വേദവും ധൂപനവും നിർത്താൻ അന്ന് നിർദ്ദേശിച്ചു.
നാലാം മാസം ഒടുക്കം വീണ്ടും വന്നപ്പോള്‍ അഴുക്കാകൽ പരിപൂർണമായും നിന്നതായും
മലദ്വാരത്തിനു ചുറ്റുമുള്ള വ്രണം പൂർണമായും ഉണങ്ങിയെന്നും ദിവസേന രാവിലെ ഒരു തവണ
മാത്രമേ മലശോധന ഉണ്ടാകുന്നുള്ളൂ എന്നും പറഞ്ഞു. പക്ഷേ, അഞ്ചാം മാസാവസാനം
വന്നപ്പോള്‍ ഇടക്ക് അഴുക്കാകാറുണ്ട് എന്നും അത് നന്നായി ഓടിക്കളിച്ച് വിയർത്ത്
വെള്ളം കുടിക്കുന്ന ദിവസങ്ങളിൽ മാത്രമാണെന്നും പറഞ്ഞു. ദേഹാധ്വാനം
പരിമിതപ്പെടുത്താനും വെള്ളംദാഹം നിയന്ത്രിക്കാനും അപ്പോള്‍ നിർദ്ദേശിച്ചു. ആറാം
മാസം ഒടുക്കം, കുട്ടി പരിപൂർണ സുഖം പ്രാപിച്ചതായും ഗുദകുട്ടം തീരെ
ഉണങ്ങിപ്പോയതായും കുട്ടിക്ക് നാണക്കേടിന്‍റെ ഭയം ഇല്ലാതായതായും പറഞ്ഞു. അതോടെ
മരുന്നുകള്‍ എല്ലാം നിർത്തി, തെരുപ്പറക്കൽ തുടരാനും വെള്ളം കുടിക്കുന്നതിലുള്ള
നിയന്ത്രണം നിർത്തരുതെന്നും നിർദ്ദേശം കൊടുത്തു. ഏഴാം മാസം മുതൽ പിന്നീട് കാണുന്ന
സന്ദർഭങ്ങളിലൊന്നും ഈ അസുഖം വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതിനാൽ നിശ്ശേഷം
മാറി എന്ന് കണക്കാക്കുന്നു. മലം പുറപ്പെടാതെത്തന്നെ മൂത്രവും വായുവും
പോകുന്നുണ്ടെങ്കിൽ അതിസാരരോഗം ശമിച്ചതായി കണക്കാക്കണമെന്ന് അതിസാരചികിത്സയിൽ
പറയുന്നുമുണ്ടല്ലോ.
വിശകലനം
ഈ രോഗിക്ക് ശസ്ത്രക്രിയയിലൂടെ ഗുദവൈകല്യം മാറ്റി അനുലോമനം
വരുത്തിയെങ്കിലും, വാതത്തിന്‍റെ പ്രധാന ആശയത്തിൽ ശസ്ത്രക്രിയക്കായി ചെയ്ത പരിക്കുകള്‍
അഭിഘാതജന്യ വാതകോപത്തിന്‍റെ പശ്ചാത്തലം എന്ന വിപ്രകൃഷ്ട നിദാനം ഉണ്ടാക്കി. വ്യായാമവും
ശാരീരികായാസവുമുള്ള ഫുട്ബാള്‍ കളി വളരെയധികം ഉണ്ടായിരുന്നതിനാൽ അത് വാതകോപത്തിന്‍റെ
സന്നികൃഷ്ട നിദാനവുമായി. മുൻ ശസ്ത്രക്രിയകള്‍ കൊണ്ടുള്ള സമ്മർദ്ദങ്ങള്‍,
ബന്ധപ്പെട്ട ജാലങ്ങളിൽ സിംപതറ്റിക്കിൽനിന്നും പാരാസിംപതറ്റിക്കിലേക്കുള്ള
ഒഴുക്കിന്‍റെ അനുപാതം ഉയർത്താൻ കാരണമാണെന്ന് പഠനങ്ങളുണ്ട്. അതാകട്ടെ ഏതാനും
മാസങ്ങള്‍തൊട്ട് പല വർഷങ്ങളിലേക്ക് നീളുന്ന വിവിധ വ്യൂഹങ്ങള്‍ ഉള്‍പ്പെട്ട
കേന്ദ്രീകൃത പ്രതികരണമായി മാറുകയും ചെയ്യുമത്രേ. ഈ കുട്ടിയിലും ആദ്യമാസങ്ങളിലെ
ഗുദവൈകല്യങ്ങളുടെ ശസ്ത്രക്രിയകള്‍കൊണ്ടുള്ള പരിക്കുകള്‍ വിവിധ വ്യൂഹങ്ങളിൽ
ദീർഘകാലം ദുസ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വാതകോപം ശമിപ്പിച്ചതുവഴി
ഇവിടെ സാധാരണ ശരീരക്രിയകളിലേക്ക് തിരിച്ചെത്തിയെന്ന് പറയാം.
പാഠാകരഞ്ജാദി കഷായമാകട്ടെ, ഗുൽമാതിസാരഗ്രഹണികളിൽ ഫലിക്കുന്ന കഷായമായിട്ടാണ്
നിർദ്ദേശം. ഇറിറ്റബിള്‍ ബവൽ, കൃതേപ്യകൃതസംഞ്ജത്വം, മലബന്ധം തുടങ്ങിയ രോഗാവസ്ഥകള്‍
ശസ്ത്രക്രിയക്കുശേഷം ഉണ്ടാകുമ്പോൾ ഇത് ഫലപ്രദമാണെന്ന് അനുഭവമുണ്ട്. കുട്ടിക്ക്
നല്ല ദഹനശക്തിയും വ്യായാമശക്തിയും ഉണ്ടായിരുന്നതിനാൽ മുതിർന്നവരുടെ
അളവിൽത്തന്നെയാണ് മരുന്നുകള്‍ എല്ലാം പ്രയോഗിച്ചത്.
നീണ്ടുനിൽക്കുന്ന വയറിളക്കംകൊണ്ട് ഗുദഭാഗത്തിന് ക്ഷീണം പറ്റുകയും കഫദോഷം
ക്ഷയിച്ച് വാതദോഷത്തിന്‍റെ സ്വാധീനം വർധിക്കുകയും ചെയ്യുമ്പോള്‍ വാതശമനമാണ് ആദ്യം
വേണ്ടത്. അതിനാൽ സ്നേഹവസ്തിയും പ്രാദേശിക അഭ്യംഗവുമാണ് ചികിത്സ വേണ്ടത്. എണ്ണ
തേച്ച് വിയർപ്പിച്ച് പുറത്തേക്ക് തള്ളിയ ഭാഗം തിരിച്ചുകയറ്റി ഗോഷ്ഫണാബന്ധം
ചെയ്യുവാനാണ് ഗ്രന്ഥനിർദ്ദേശം. പ്രായോഗികമായ ഉപായം എന്ന നിലക്ക് തൈലത്തിൽ മുക്കിയ
ഒരു തിരിശ്ശീല കയറ്റിവച്ച് കോണകമുടുപ്പിക്കുന്നത് സ്നേഹവസ്തിയുടേയും അഭ്യംഗത്തിന്‍റെയും
ഫലം നൽകുന്നു. ഗോഷ്ഫണാബന്ധം അഥവാ കൌപീനം തിരിശ്ശീലയും പിചുവും വച്ച് ധരിക്കുന്നത്
പുറത്തേക്ക് തള്ളിയ അവയവത്തെ ഏറെ നേരം താങ്ങിനിർത്താൻ സഹായിക്കുന്നു. എലിമാംസം
ചേർത്തുണ്ടാക്കുന്ന ഉന്ദുരുതൈലം ആണ് ഇവിടെ സ്നേഹദ്രവ്യമായി ഉപയോഗിച്ചത്.
അവഗാഹസ്വേദമാണ് അർശസിൽ യോജിച്ച വിയർപ്പിക്കൽ. ഗുദഭ്രംശം എന്നത് അർശസിന്‍റെ
ഉപദ്രവമായിട്ടാണ് നിർദ്ദേശം എന്നതിനാൽ നാട്ടിൽ പൊതുവെ പ്രചാരമുള്ള
വട്ടപ്പെരുകിന്നില ഇട്ട് വെന്ത വെള്ളത്തിൽ ഇരുത്തി വിയർപ്പിക്കുക എന്ന രീതിയാണ്
ചെയ്തത്. ഇതേ ഇലകള്‍തന്നെ കണലിൽ ഇട്ട് പുക കൊള്ളിക്കാൻ കേരളീയ ബാലചികിത്സയിൽ
പറയുന്നുണ്ട്. കഫജ അതിസാരത്തിൽ പറയുന്ന ഡാഡിമാഷ്ടകചൂർണത്തിലെ വിശേഷപ്പെട്ട ദ്രവ്യം
മാതളത്തൊണ്ട് ആണ്. മാതളത്തൊണ്ട് ചേരുന്ന ഡാഡിമാഷ്ടകചൂർണം കഫജ അതിസാരത്തിന്‍റെ
സന്ദർഭത്തിലാണ് പറയുന്നത്. വാതിക അതിസാരത്തിൽ ഖളം ചേർത്ത് ഇത് ഉപയോഗിക്കാനായി
അവിടെത്തന്നെ നിർദ്ദേശവുമുണ്ട്. പഞ്ചസാര അതിലെ ഒരു ചേരുവയായതിനാൽ രുചിയുള്ള ഒരു
ഔഷധവുമാണ്. രോഗിക്ക് ആഹാരത്തിന്‍റെ ഭാഗമായി മോര് ഇഷ്ടവുമാണ്. വയറിലെ പല
അസ്വസ്ഥതകള്‍ക്കും നല്ലതെന്ന് ഉപദേശിക്കപ്പെട്ടിട്ടുള്ള മോര് മാതളത്തൊണ്ടും
മാങ്ങാണ്ടിപ്പരിപ്പും ചേർത്ത് കാച്ചി അതിസാരഗ്രഹണികള്‍ക്ക് നിർദ്ദേശിച്ചിട്ടുണ്ട്.
അർശോതിസാരഗ്രഹണികളിൽ രോഗി ക്ഷീണിതനായിരിക്കുമ്പോളൊഴികെ, സംഹിതകളിൽ ജലപാനം
നിഷേധിച്ചിട്ടുള്ളതിനാൽ വെള്ളം കുടിക്കുന്നതിനുള്ള നിയന്ത്രണത്തിന് വലിയ മുൻഗണന
നൽകിയാണ് ചികിത്സിച്ചത്.
രോഗാവസ്ഥയുടെ വർധനവിന് കാരണമാകുന്ന ഹേതുക്കളെല്ലാം ഒഴിവാക്കുക എന്നതാണ്
ചികിത്സയുടെ സാരാംശം. ഈ കുട്ടി, ധാരാളം കളിക്കുകയും നന്നായി വിയർക്കുകയും
ഇടക്കിടക്ക് ദാഹം തീർക്കാനായി ഒരുപാട് വെള്ളം കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു.
വലിയ വിയർപ്പുകൊണ്ട് ഉണ്ടാകുന്ന വെള്ളംദാഹത്തിനെ ചികിത്സിച്ചുകൊണ്ടായിരിക്കണം
വെള്ളംകുടി കുറക്കേണ്ടത്. എന്തുകൊണ്ടെന്നാൽ വെള്ളംകുടിക്കുന്നത് വയറിളക്കത്തിന്
കാരണമാണെന്ന് പറയുന്നുണ്ട്. മാർദ്ദവമുള്ള, അഴഞ്ഞ് തൂങ്ങിയ ശരീരവും വലിയ വിയർപ്പും
സൂചിപ്പിക്കുന്നത് മേദോധാതുവിന്‍റെ ആധിക്യത്തിൽ ഉണ്ടാകുന്ന വിയർപ്പിനേക്കൂടിയാണ്.
മലര് ദേഹം തണുപ്പിക്കുന്നതും വെള്ളംദാഹം ശമിപ്പിക്കുന്നതും കൊഴുപ്പ് ഉരച്ച്
കളയുന്നതും അതിസാരഹരവുമാണെന്ന് പറയുന്നുണ്ട്. അതിനാൽ മലർപ്പൊടി വെള്ളത്തിൽ കലക്കി,
അൽപം നെയ്യ് ചേർത്ത് കൊടുക്കുവാൻ നിർദ്ദേശിച്ചു. ലാജമന്ഥത്തിന് ശീതം, തൃഷ്ണാഹരം,
ഛർദ്ദിഹരം, തളർച്ച മാറ്റി ഉടനെ ബലം നൽകുക എന്നീ ഗുണങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ.
ചെറിയ ഉള്ളി മലം പിടിക്കുന്നതും അർശസ്സിൽ വളരെ ഹിതവുമായ ആഹാരമായി
പറയുന്നുണ്ട്. തെരുപ്പറക്കൽ (തിരുപ്പറക്കൽ) എന്നത് തെക്കേ മലബാറിലെ കുടുംബങ്ങളിൽ
ഓണം, വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിലെ
ഒത്തുചേരലുകളിൽ പെൺകുട്ടികളും സ്ത്രീകളും കളിക്കുന്ന ഒരു ഗാർഹിക വിനോദമാണ്. ഇത്
ഡക് വാക് എന്ന എക്സർസൈസിന് സമാനമാണ്. ഓരോ കുതിപ്പിലും കാലുകള്‍ മാറിമാറി
നീട്ടിനിവർത്തി ഇരുന്നെഴുന്നേറ്റുകൊണ്ടുള്ള ഒരു കളിയാണിത്, യു ട്യൂബിൽ ഉണ്ട്.
അരക്കെട്ടിന് ബലവും അഴവും നൽകുന്നതിനാലാകാം ഇത് സ്ത്രീകള്‍ക്കിടയിൽ വളരെ
പ്രചാരത്തിലുള്ളതാണ്. അരക്കെട്ടിലേയും അടിവയറ്റിലേയും പേശികള്‍ക്കും സ്നായുക്കള്‍ക്കും
ഉള്ള പ്രവർത്തനക്ഷമതയും ശക്തിയും നൽകുന്നതിനാൽ ഇത് പെൽവിക് ഫ്ലോറിന് ബലം നൽകുകയും
ഗുദഭ്രംശം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഹഠയോഗത്തിലെ മൂലബന്ധം എന്ന
പ്രയോഗവും ഇതേ ഫലം ചെയ്യുന്നു എന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ സ്വയം
ചെയ്യേണ്ടതിനാൽ അത് കുട്ടികളെക്കൊണ്ട് പരിശീലിപ്പിച്ചെടുക്കുക എളുപ്പമല്ല.
രോഗിയുടെ സഹകരണവും ഇണക്കവും ചികിത്സയുടെ വിജയത്തെ ബാധിക്കുന്ന വലിയ ഒരു ഘടകമാണ്.
ഫിറ്റ്നസ് വ്യായാമമുറകളെക്കാള്‍ കുട്ടികള്‍ക്ക് കൂടുതൽ താൽപര്യം കളികളും
കൂട്ടരോടൊത്തുള്ള പ്രവൃത്തികളുമായിരിക്കും എന്നതിൽ സംശയമില്ല. തെരുപ്പറക്കൽ ഒരു
കളിയായതിനാൽ നിർദ്ദിഷ്ടവ്യായാമത്തിന് പകരം നിർദ്ദേശിക്കാൻ യോജിച്ച ഒന്നാണ്.
സംഹിതകളിലെ ചികിത്സാനിർദ്ദേശം അക്ഷരംപ്രതി നടപ്പിലാക്കാനായി രോഗിയെ
മുൻനിർത്തിയും അവരുടെ കുടുംബത്തെ കൂടെക്കൂട്ടിയും ഉള്ള പരിചരണത്തിന്
പരിമിതികളുണ്ട്. ചികിത്സകർക്കാകട്ടെ, അനുഭവങ്ങളും തങ്ങള്‍ക്ക് ലഭിച്ച
പരിശീലനങ്ങളും ആണ് വഴികാട്ടിയാകുന്നത്. കഴിഞ്ഞുപോയ ഒന്നിനെപ്പറ്റിയുള്ള പഠനം സമർപ്പിക്കുമ്പോള്‍
ചികിത്സാനിർദ്ദേശങ്ങള്‍ക്കുവേണ്ട പല ന്യായീകരണങ്ങളും പരാമർശങ്ങളും പ്രസിദ്ധീകൃതമാകണമെന്നില്ല
എന്നത് അതിന്‍റെ പരിമിതി തന്നെയാണ്. ചികിത്സയുടെ ഫലമാകട്ടെ രോഗിയുടെ അനുസരണയും
ബന്ധുക്കളുടെ അറിവിന്‍റെ നിലവാരവും അവരുടെ പരിചരണവും ഒക്കെ ആശ്രയിച്ചിരിക്കുന്നു.
ശസ്ത്രക്രിയക്കുശേഷം വിസർജനനിയന്ത്രണം നഷ്ടപ്പെട്ടത് സ്വാഭാവികമായി
പരിഹരിക്കപ്പെട്ടില്ലെങ്കിൽ രോഗിയുടെ ജീവിതകാലം മുഴുവൻ ബുദ്ധിമുട്ടായിത്തീരുന്നു.
പല പരമ്പരാഗത സമ്പ്രദായങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് വാതാതിസാരത്തിന്‍റെ
ചികിത്സാതത്വം അനുസരിച്ചുള്ള ചികിത്സാപദ്ധതി തയ്യാറാക്കിയതിന്‍റെ ശ്രദ്ധേയമായ
അനുകൂലഫലം ആണ് ഈ കേസ് കാണിച്ചുതരുന്നത്.
-------------------------------------




.jpg)


.jpg)

.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ