2026 ജനുവരി 3, ശനിയാഴ്‌ച

Achalasia cardia – An experience 


ഡോ.പി.കെ.വി.ആനന്ദ്

വൈദ്യരത്നം ആയുര്‍വേദ കോളേജ്

തൈക്കാട്ടുശ്ശേരി, ഒല്ലൂർ , തൃശ്ശൂര്‍

91-9447034735


 മാര്‍ച്ചിലാണ്  വയസ്സുള്ള ചെന്നൈയിൽ താമസിക്കുന്ന എറണാകുളം സ്വദേശിനി ചികിത്സക്കായി സ്വന്തം റിപ്പോര്‍ട്ടുകളും മറ്റും വാട്സാപ്പിൽ അയച്ചുതന്നത്. നേരിട്ട് വന്ന് കാണാന്‍ അസൗകര്യമുള്ളതിനാൽ ഫോണ്‍ വഴി കണ്‍സള്‍ട്ടേഷന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ച്ചയായി നിൽക്കുന്ന ചുമയും ഇടക്കിടെ വന്നുപോകുന്ന ശ്വാസംമുട്ടുമാണ് ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍. ഇതിനായി ഇവര്‍ ഒരു പള്‍മണോളജിസ്റ്റിനെ സമീപിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷം അദ്ദേഹം ശ്വാസകോശസംബന്ധിയായ പ്രശ്നങ്ങളൊന്നുംതന്നെ ഇല്ല എന്ന് പറഞ്ഞു. രോഗിക്ക് വര്‍ഷങ്ങളായ ഉള്ള അക്കാലേസ്യ കാര്‍ഡിയ എന്ന രോഗമുള്ളതാണ്. ആ രോഗമാണ്  ഈ ശ്വാസംമുട്ടലിന് കാരണമായുള്ളത്, എന്നും അതിനായി ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റുകളുടെ ചികിത്സതന്നെയാണ് ഇതിന് വേണ്ടത് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അക്കാലേസ്യ കാര്‍ഡിയ എന്നത് അന്നനാളത്തിന് വേണ്ട ചലനശേഷി നഷ്ടപ്പെടുകയും അതിന് താഴ്ഭാഗങ്ങളിലേക്കുള്ള കവാടം പൂര്‍ണമായി അഴഞ്ഞുകൊടുത്തുകൊണ്ട് തുറക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതിൽ പ്രാഥമിക തകരാറ് സംഭവിക്കുന്നത് ഈ ചലനശേഷിയെ ഉണ്ടാക്കുന്ന നാഡീകോശങ്ങള്‍ നശിക്കുന്നതാണ്. അതിനാകട്ടെ ഓട്ടോ ഇമ്യൂണിറ്റി, വൈറസ് ബാധ, ജനിതകസ്വാധീനങ്ങള്‍ എന്നിങ്ങനെ തുടങ്ങി വിവിധ കാരണങ്ങള്‍ ഉണ്ട്. ഭക്ഷണവും വെള്ളവും ഇറക്കാന്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടാണ് പ്രധാന ലക്ഷണം. ആഹാരമൊക്കെ അന്നനാളത്തിൽ തടഞ്ഞിരുന്ന് വായിലേക്കുതന്നെ തികട്ടിവരികയും ചെയ്യും. അന്നനാളം വികസിച്ചുതൂങ്ങിവരുന്നതിനാൽ നെഞ്ചുവേദനയും ആഹാരം വയറ്റിലെത്താത്തതുകൊണ്ട് മെലിച്ചിലും ക്രമേണ പ്രത്യക്ഷപ്പെടും. ഇതിന് വളരെ ഫലപ്രദമായ ചികിത്സകളൊന്നും ലഭ്യമല്ല. അന്നനാളത്തിലെ തടസ്സം നീങ്ങാനായി ബലൂണ്‍ ചെയ്യുക, ശസ്ത്രക്രിയ ചെയ്യുക തുടങ്ങിയവ പതിവുണ്ടെങ്കിലും അവയൊന്നും ഈ പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരമാകാറില്ല. ഭക്തരോധം എന്ന രോഗവുമായി ഇതിന് ലക്ഷണങ്ങളിൽ സമാനതകളുണ്ട്. 


ബന്ധുക്കളെല്ലാംതന്നെ പ്രഗൽഭരായ ഡോക്ടര്‍മാരായതിനാൽ ഈ രോഗിക്ക് ഏറ്റവും മികച്ച ചികിത്സതന്നെ ലഭിച്ചുവന്നിരുന്നു. ഈ പ്രായത്തിലും ബലൂണിങ്ങോ ശസ്ത്രക്രിയയോ ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പ്രേരിപ്പിച്ചെങ്കിലും രോഗി അതിന് തയ്യാറായിരുന്നില്ല. അതിനാൽത്തന്നെ ചികിത്സയായി അസിഡിറ്റിക്കുള്ള ഗുളികകളും ശ്വാസംമുട്ടിനുള്ള എയറോസോളുകളുമാണ് പ്രധാനമായിട്ടുണ്ടായിരുന്നത്. പക്ഷേ ഇവക്കൊന്നും അസ്വസ്ഥതകള്‍ക്ക് വലിയ ആശ്വാസം ഉണ്ടാക്കാനായില്ല.  മാത്രമല്ല, ഈയ്യിടെയായി കഴിക്കുന്നതെല്ലാം ഛര്‍ദ്ദിക്കുന്നത് പതിവായി. ആഹാരം വേണ്ടത്ര ഇറങ്ങാത്തതിനാൽ ദേഹവും ക്ഷീണിച്ചുതുടങ്ങി. ഈ  സാഹചര്യത്തിലാണ് രോഗി ആയുര്‍വേദചികിത്സയുടെ സാധ്യത  അന്വേഷിച്ചത്. പക്ഷേ ചെന്നൈയിൽനിന്നും നാട്ടിൽവന്ന് നേരിട്ടുകാണാനുള്ള അസൗകര്യം പറഞ്ഞതിനാൽ ഫോണ്‍വഴി സംസാരിച്ചറിഞ്ഞും അയച്ചുതന്ന റിപ്പോര്‍ട്ടുകള്‍ നോക്കിയും ആണ് രോഗചികിത്സ നടത്തിയത്.

 

നിലവിൽ ഈ രോഗചികിത്സാനുഭവങ്ങളൊന്നും കേട്ടിട്ടില്ലാത്തതുകൊണ്ട്  ചെയ്യേണ്ടവയെക്കുറിച്ച് മുന്‍ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതിലുള്ളതുപോലെ പ്രാദേശികമായി മാത്രം വരുന്ന നാഡീകോശങ്ങളുടെ നാശത്തിന് എന്ത് ചെയ്യണമെന്ന് പ്രായോഗികമായ സിദ്ധൗഷധങ്ങളും കണ്ടിട്ടില്ല. അതിനാൽ അസാദ്ധ്യരോഗത്തിനെ ചികിത്സിക്കുക എന്ന ലക്ഷ്യം ഉപേക്ഷിച്ച്, ഉപദ്രവങ്ങളെ മാത്രം ചികിത്സിക്കാന്‍ തീരുമാനിച്ചു. ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് മാത്രമല്ല, അത് തികട്ടിവരുകയും കഴിച്ച ആഹാരം മുഴുവന്‍ ഛര്‍ദ്ദിച്ചുപോകുകയും ആണ് ഇപ്പോള്‍ വിഷമിപ്പിക്കുന്നത്. പതിവായി എയറോസോള്‍ പഫ് എടുക്കുന്നതിനാൽ ശ്വാസംമുട്ട് വലിയ ശക്തിയിൽ ഇല്ല.. എങ്കിലും ശക്തിയായ ചുമ ചില നേരത്ത് വല്ലാതെ കഷ്ടപ്പെടുത്തുന്നു്. ഇൗ ലക്ഷണങ്ങള്‍ മാത്രം കണക്കിലെടുത്തുകൊണ്ട് കുറച്ചായി പലവട്ടം വില്വാദി ലേഹ്യം നിര്‍ദ്ദേശിച്ചു. അസിഡിറ്റി സൂചിപ്പിക്കുന്ന പുളിച്ചുതികട്ടലോ വയറെരിച്ചിലോ ഒന്നും ഇവരെ അലട്ടിയിരുന്നില്ല. എങ്കിലും അസിഡിറ്റിമൂലമാണ് ശ്വാസംമുട്ടലുാകുന്നതെന്ന വിദഗ്ധാഭിപ്രായം മുഖവിലക്കെടുത്തുകൊണ്ട്, മേൽവയര്‍വീര്‍പ്പിനും നെഞ്ചെ രിച്ചിലിനും ഏറെ ഫലപ്രദമായ ചിത്രകഗ്രന്ഥികാദി കഷായം രാവിലെ വെറുംവയറ്റിൽ സേവിക്കാനായി നൽകി. വൈകീട്ട് ആറ് മണിക്ക് വെറുംവയറ്റിൽ ഇന്തുകാന്തം കഷായവും സേവിപ്പിച്ചു. നാഡീകോശങ്ങളുടെ നാശം, അന്നനാളത്തിലെ ചലനം കുറഞ്ഞ് സ്തബ്ധമായിത്തീരുക, അന്നനാളത്തിലെ താഴെയുള്ള വാൽവ് സ്തംഭിച്ച് അഴവില്ലാതെയിരിക്കുക, അന്നനാളം വികസിച്ചുതൂങ്ങിയതുവഴി വ്യാസം എന്ന വായുവിനുള്ള  കര്‍മ്മം വ്യക്തമാകുക തുടങ്ങിയവ പ്രകടമായതുകൊണ്ടാണ് വാതാമയഹരമായ ഇന്തുകാന്തം കഷായം തിരഞ്ഞെടുത്തത്. ഇന്തുകാന്തത്തിനുള്ള ഗുൽമഹരത്വം ഇവിടെ പ്രസക്തമാകുന്നത് ഒരേ സമയം അന്തര്‍ഗുൽമത്തിന്റെയും ബഹിര്‍ഗുമത്തിന്റെയും വൈകൃതങ്ങള്‍ അകാലേഷ്യ കാര്‍ഡിയയിൽ ഉള്ളതുകൊണ്ടാണ്. ഈ രോഗത്തിൽ അസിഡിറ്റി എന്നത് പതിവായതിനാൽ സമാന അവസ്ഥയായ അമ്ലകത്തിനും ഈ കഷായം ഫലപ്രദമായി കാണാണ്ടല്ലോ.

നാഡീവ്യൂഹവുമായി ബന്ധപ്പെട്ട നാശോന്മുഖരോഗങ്ങളിൽ പതിവായി പ്രയോഗത്തിലുള്ള ബലാതൈലം, രാത്രി കിടക്കാന്‍നേരത്ത്  തുള്ളി വീതം ഓരോ മൂക്കിലും വീഴ്ത്തി വലിക്കാനായി നിര്‍ദ്ദേശിച്ചു. ഒരു പക്ഷേ സഹായകരമാകാന്‍ സാധ്യതയുണ്ടെന്ന തോന്നൽകൊണ്ട് അര ടീസ്പൂണ്‍ ഇന്തുകാന്തം നെയ്യ് രണ്ട് നേരം ആഹാരത്തിന് മുമ്പ് സേവിക്കാന്‍ നിര്‍ദ്ദേശിച്ചു.

ഒന്നൊന്നരമാസം മരുന്ന് കഴിച്ചശേഷം പുരോഗതി അറിയിക്കാനായി അവര്‍ വീണ്ടും വിളിച്ചു. മരുന്നുകള്‍ മുടങ്ങാതെ സേവിക്കുന്നുണ്ടെന്നും പറയത്തക്ക വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല എന്നും പറഞ്ഞു. മാത്രമല്ല, നസ്യത്തിനായി രണ്ട് തുള്ളി ഇറ്റുവീഴ്ത്തിയാൽ വലിയ അസ്വസ്ഥതയാണ്, മൂക്ക് നീറലും സഞ്ചാരവും മാത്രമല്ല, കുറേ നേരത്തേക്ക് തുടര്‍ച്ചയായ ചുമയും ഉണ്ടായി ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നതായി പറഞ്ഞു. കാസരോഗി നസ്യത്തിന് അയോഗ്യനാണെന്ന നിയമം ചിലപ്പോഴൊക്കെ പ്രതിമര്‍ശത്തിനും ബാധകമാണെന്ന തിരിച്ചറിവ് ഇതോടെ ഓർമ്മ വന്നു. അങ്ങനെ നസ്യം ഇനി തുടരേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചു. മറ്റു മരുന്നുകള്‍ എല്ലാം തുടരാനും നിര്‍ദ്ദേശിച്ചു.

മൂന്ന് മാസത്തോളം തുടര്‍ച്ചയായി മരുന്ന് സേവിച്ചശേഷം രോഗി വീണ്ടും വിളിച്ച് സംസാരിച്ചു. ഇപ്പോള്‍ ഛര്‍ദ്ദിയും തികട്ടിവരലും വളരെയേറെ കുറഞ്ഞിട്ടുണ്ടെന്നെും ചുമക്ക് ശക്തി കുറവുണ്ടെന്നെും പറഞ്ഞു. ശ്വാസമെടുക്കാനുള്ള ആയാസം കുറഞ്ഞിട്ടുങ്കെിലും പഫ് ദിവസവും ആവശ്യമുണ്ട് എന്നും പറഞ്ഞു. നെയ്യ് വയറിന് കനമുണ്ടാക്കുകയും തികട്ടുമ്പോള്‍ നെയ്മണം തിരിച്ചറിയുന്നതായും പറഞ്ഞു. വിശദമായി ചോദിച്ചപ്പോള്‍ നെയ്യ് ആദ്യം കഴിച്ചപ്പോള്‍മുതൽ ഈ ലക്ഷണം  ഉണ്ടായിരുന്നതായി അറിഞ്ഞു. പശ്ചാത്തലത്തിലുള്ള അമ്ലപിത്തംകൊണ്ട് അഗ്നിഹാനി ഉണ്ടായിരിക്കാമെന്ന വിവരം കണക്കിലെടുക്കാതെ നെയ്യ് നിര്‍ദ്ദേശിച്ചത് ശരിയായില്ല എന്ന് ബോധ്യപ്പെട്ടതിനാൽ, അത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.

ഒരു മാസം കൂടി കഴിഞ്ഞ് സ്ഥിതി വിവരിച്ചപ്പോള്‍, തുടക്കംമുതൽതന്നെ അനുകൂലമായ മാറ്റങ്ങള്‍ കാണിച്ച തികട്ടിവരലും മറ്റും ഇപ്പോള്‍ ഏകദേശം പൂര്‍ണമായും നിലച്ചതായി പറഞ്ഞു. ചുമയുങ്കെിലും ശ്വാസംമുട്ടലിന് ശക്തി കുറഞ്ഞതുപോലെ തോന്നുന്നുണ്ട്. പിന്നീടും മരുന്നുകള്‍ തുടര്‍ച്ചയായി സേവിച്ചുകൊണ്ടിരിക്കുകയും ഇടയ്ക്കിടെ വിവരം ഫോണിൽ അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു വര്‍ഷത്തോളം ആകുംമുമ്പ്  ജനുവരിയിൽ അവര്‍ ഒരിക്കൽ നേരിട്ട് വരികയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്കുകൂടി വേണ്ട  ചികിത്സാനിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്തു. അന്ന് അവര്‍ പറഞ്ഞതുപ്രകാരം, ഇപ്പോള്‍ ആഹാരം സാധാരണമട്ടിൽ കഴിക്കാനാകുന്നുണ്ട് എന്നാണ്. ഇടയ്ക്കൊക്കെ ചുമയും നേരിയ ശ്വാസംമുട്ടും അനുഭവപ്പെടുന്നതിനാൽ പഫ് ഉപയോഗിക്കുന്നത് ചിലപ്പോള്‍ വേണ്ടിവരുന്നു. എങ്കിലും കഷായവും മറ്റും നിര്‍ത്തിനോക്കിയാൽ വൈകാതെ ശ്വാസംമുട്ടും വിമ്മിഷ്ടവും വീണ്ടും വരുന്നുണ്ട്. മരുന്നുകള്‍ നിര്‍ത്താതെ, തുടര്‍ന്നുകൊള്ളൂ എന്ന്  നിര്‍ദ്ദേശിച്ചു.

  

 ജൂലൈയിൽ ഈ ലേഖനത്തിനായി അവരെ വിളിച്ച് ഇപ്പോഴത്തെ സ്ഥിതി അന്വേഷിച്ചു. ഇപ്പോള്‍ ആയുര്‍വേദമരുന്നുകള്‍ ഒന്നും സേവിക്കുന്നില്ല എന്നും ജനുവരിയിൽ വന്ന് തിരിച്ച് ചെന്നെയിൽ എത്തി ഒരു ഹൃദ്രോഗവിദഗ്ധനെ കാണിച്ചതായും പറഞ്ഞു. അദ്ദേഹം ബി.പി.ക്ക് നിലവിൽ സേവിക്കുന്ന മരുന്ന് ബീറ്റാ ബ്ലോക്കര്‍ വിഭാഗത്തിപെടുന്നതാണെന്നത് ശ്രദ്ധിച്ചു. ബീറ്റാ ബ്ലോക്കറുകള്‍ ശ്വാസകോശത്തിലെ കുഴലുകളിൽ സമ്മര്‍ദ്ദമുണ്ടാക്കി, വ്യാസം കുറക്കുന്നതുകൊണ്ട് അനുഭവപ്പെടുന്ന ശ്വാസംമുട്ട് ആണെന്നും ആ മരുന്ന് നിര്‍ത്തി കാൽസ്യം ചാനൽ ബ്ലോക്കര്‍ പകരമായി സേവിക്കാനും ഉപദേശിച്ചു. ഒട്ടും വൈകാതെത്തന്നെ രോഗിയുടെ അസ്വസ്ഥതകളൊം മാറുകയും ശ്വാസംമുട്ടിന് പഫ് ഉപയോഗിച്ചിരുന്നത് പൂര്‍ണമായും നിര്‍ത്തുകയും ചെയ്തു. അനുഭവിച്ചുവന്നിരുന്ന ബുദ്ധിമുട്ടുകള്‍ മാറിയതിനാൽ അക്കാലേഷ്യ കാര്‍ഡിയക്ക് വേണ്ട തുടര്‍പരിശോധനകളോ ചികിത്സകളോ രോഗി വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.

ആയുര്‍വേദചികിത്സകൊണ്ട് അസ്വസ്ഥതകളെല്ലാം നല്ലപോലെ കുറഞ്ഞിരുന്നുവെങ്കിലും മരുന്ന് നിര്‍ത്തിയാൽ വീണ്ടും വരുന്നു എന്നതാണ് അസൗകര്യമായി തോന്നിയത്. ഒരു മാറാരോഗമായ അക്കാലേഷ്യയുടെ നിഴലിലുള്ളതിനാൽ മുന്‍വിധിയോടെ എല്ലാ ലക്ഷണങ്ങളും മാറാരോഗമായ അക്കാലേഷ്യയിലേക്ക് ബന്ധിപ്പിച്ചതുകൊണ്ട് അവസാനം കണ്ട ഹൃദ്രോഗവിദഗ്ധനൊഴികെ എല്ലാവരും ബീറ്റാ ബ്ലോക്കര്‍ എന്ന ഹേതുവി ശ്രദ്ധിക്കാതെ ഇവിടെ അലംഭാവം കാണിച്ചു.

ഇപ്പോഴും ഇടക്കിടെ വരുന്ന വയര്‍വീര്‍പ്പിനും മറ്റുമായി ചിത്രകഗ്രന്ഥികാദി കഷായം അവര്‍ കഴിക്കാറുണ്ടെന്നും പറഞ്ഞു. ഒരു കൊല്ലത്തോളം മുടങ്ങാതെ മരുന്ന് സേവിച്ചിരുന്ന അവര്‍ക്ക് ചികിത്സ ഫലിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് കുറേക്കൂടി കൃത്യമായ ഒരു രോഗഹേതുകൂടി കൂടുതലായി കണ്ടുപിടിച്ചത്. അത് ഒഴിവാക്കിയതോടെ അക്കാലേഷ്യ കാര്‍ഡിയ മാറിയിങ്കെിലും ബുദ്ധിമുട്ടുകള്‍ എല്ലാം മാറുകയും ചെയ്തു. അക്കാലേസ്യ കാര്‍ഡിയ എന്ന രോഗത്തിന്റെ അസാദ്ധ്യതയും പല വിദഗ്ധരും പരിശോധിച്ചുകഴിഞ്ഞതാണെന്ന രോഗീപശ്ചാത്തലവും നിദാനം കണ്ടുപിടിക്കാനുള്ള ശ്രമത്തെ മുന്‍വിധിയോടെ ഉള്ളതാക്കിത്തീര്‍ത്തു. അതുകൊണ്ടായിരിക്കാം ബീറ്റാ ബ്ലോക്കറിന്റെ പാര്‍ശ്വഫലം മുന്‍പ് ചികിത്സിച്ചവര്‍ക്ക് തിരിച്ചറിയാനാകാതിരുന്നത്. അക്കാലേഷ്യയുടെ പാര്‍ശ്വലക്ഷണങ്ങളായ അമ്ലപിത്തവും ശ്വാസംമുട്ടിന് കാരണമാകാം എന്ന് കണക്കുകൂട്ടി ചിത്രകഗ്രന്ഥികാദിയും ഇന്തുകാന്തവും മറ്റും പ്രയോഗിച്ചപ്പോള്‍ നല്ല ആശ്വാസം കാണുകയും ചെയ്തു.  ഒരുപക്ഷേ ബീറ്റാ ബ്ലോക്കര്‍ കൊണ്ടുണ്ടായ മാറാത്ത  വിമ്മിഷ്ടത്തിനും ഇത് ഒരു പ്രതിവിധി ആയേക്കാം എന്ന സൂചനയും ഇവിടെ കാണാവുന്നതാണ്.